ഓണ്‍ലൈന്‍ പഠനം വിനയാകുമോ? മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് 60 ശതമാനം
കോവിഡ് മഹാമാരി വ്യാപകമായതോടെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനിലായി. എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ രാജ്യത്തെ അറുപത് ശതമാനത്തോളം വിദ്യാര്‍ഥികളും മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പഠനം. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍.സി.പി.സി.ആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്‌കൂളുകളില്‍ നിന്ന് 3,491 കുട്ടികള്‍, 1,534 രക്ഷിതാക്കള്‍, 786 അധ്യാപകര്‍ എന്നിവരുള്‍പ്പടെ 5,811 പേരെയാണ് പഠനവിധേയമാക്കിയത്.
വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്പുകളിലാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. എട്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ 30.2 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമായുണ്ട്. പത്തു വയസ് പ്രായമുള്ളവരില്‍ 37.8 ശതമാനം പേര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.
13 വയസ് മുതല്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 59.2 ശതമാനം കുട്ടികള്‍ മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ 10.1 ശതമാനം കുട്ടികള്‍ മാത്രമാണ് പഠനാവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്. അതേസമയം അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായും ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം എന്നിവ കുട്ടികളില്‍ കണ്ടുതുടങ്ങിയതായും പഠനം വ്യക്തമാക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളിലെ അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.